03:23am 10 November 2026
NEWS
നിലമ്പൂരിൽ കോൺ​ഗ്രസിന്റെ സ്ഥാനാർത്ഥി ആരാകണമെന്ന് താൻ നിശ്ചയിക്കുമെന്ന വാശിയിൽ പി വി അൻവർ
18/04/2025  05:04 PM IST
nila
നിലമ്പൂരിൽ കോൺ​ഗ്രസിന്റെ സ്ഥാനാർത്ഥി ആരാകണമെന്ന് താൻ നിശ്ചയിക്കുമെന്ന വാശിയിൽ പി വി അൻവർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനോട് നിലപാട് കടുപ്പിച്ച് മുൻ എംഎൽഎയും തൃണമൂൽ കോൺ​ഗ്രസ് നേതാവുമായ പി വി അൻവർ. നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ആരായിരിക്കണം എന്നതിൽ തന്റെ നിർദ്ദേശം കൂടി അം​ഗീകരിക്കണമെന്ന വാശിയിലാണ് അൻവർ. താൻ നിർദ്ദേശിക്കുന്ന ആളെ കോൺ​ഗ്രസ് സ്ഥാനാർത്ഥിയാക്കുന്നില്ലെങ്കിൽ പിന്തുണ നൽകില്ലെന്ന കൃത്യമായ സന്ദേശവും അൻവർ കോൺ​ഗ്രസിന് നൽകിക്കഴിഞ്ഞു. ആര്യാടൻ ഷൗക്കത്തിന് സ്ഥാനാർത്ഥിയാക്കണം എന്ന ചർച്ചകളാണ് കോൺ​ഗ്രസിൽ പുരോ​ഗമിക്കുന്നത്. എന്നാൽ, കോൺ​ഗ്രസ് നേതാവ് ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്ന നിലപാടിൽ നിന്നും അൻവർ പിന്നോട്ട് പോകാൻ തയ്യാറാകാത്തതാണ് കോൺ​ഗ്രസിനെ വലയ്ക്കുന്നത്. 

 ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്ന നിലപാടിൽ നിന്നും പിന്മാറണം എന്നാവശ്യപ്പെട്ട് എപി അനിൽകുമാർ അൻവറിനെ സന്ദർശിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള നേതാവ് എന്ന നിലയിൽ എപി അനിൽകുമാർ പി വി അൻവറുമായി നടത്തിയ കൂടിക്കാഴ്ച്ചയും പരാജയപ്പെട്ടു. ജോയിയെ തന്നെ മത്സരിപ്പിക്കണം എന്ന പിടിവാശിയിൽ നിന്നും പിന്മാറാൻ അൻവർ തയ്യാറായില്ല. 

ആര്യാടൻ ഷൗക്കത്ത് മത്സരിച്ചാൽ തോൽപ്പിക്കുമെന്ന മുന്നറിയിപ്പ് തന്നെയാണ് കോൺഗ്രസ് നേതാക്കൾക്ക് നൽകുന്നത്. കഴിഞ്ഞദിവസം ആര്യാടൻ ഷൗക്കത്ത് അൻവറിനെ അനുനയിപ്പിക്കാനായി വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നിട്ടും അൻവർ വഴങ്ങിയില്ല. ഇതോടെ കോൺഗ്രസിലെ സ്ഥാനാർഥിനിർണയം വഴിമുട്ടുകയായിരുന്നു.

ആരാടൻ ഷൗക്കത്തിനുവേണ്ടി മുസ്ലിംലീഗിലും നീക്കം നടക്കുന്നുണ്ട്. ഏറനാട് എംഎൽഎ പികെ ബഷീർ ഷൗക്കത്തിനുവേണ്ടി കോൺഗ്രസുകാരും ആയി ചർച്ച നടത്തിയതായാണ് സൂചന. ലീഗ് ഇത്തരത്തിൽ ഇടപെട്ടതിൽ കോൺഗ്രസിനുള്ളിൽ എതിർപ്പുണ്ട്. ചുരുക്കത്തിൽ എളുപ്പത്തിൽ ജയിച്ചു കയറാം എന്ന് കരുതുന്ന ഒരു സീറ്റിൽ വലിയ പ്രതിസന്ധി നേരിടുകയാണ് കോൺഗ്രസ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img